കുറവിലങ്ങാട്: എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്നു പറയാൻ സാധിക്കുമോയെന്നും മിണ്ടാപ്രാണികൾ ആയിരിക്കണം എന്നാണ് ഇങ്ങനെ പറയുന്നതിന്റെ അർഥമെന്നും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്ന് താൻ കരുതുന്നില്ലെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ജയഗിരി ക്രിസ്തുരാജ ഇടവകയുടെ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിലെല്ലാം കേൾക്കുന്നുണ്ട്.
താൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കുനേരേ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് തനിക്കു തോന്നുന്നില്ല. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അത് മാനിക്കാതെ സംസാരിക്കുന്നത് വലിയ തെറ്റാണ്. ഭീഷണിയുടെ സ്വരം വിലപ്പോകില്ല. അത് തിരിച്ചറിയണം. അങ്ങനെ ആരും പേടിപ്പിക്കേണ്ടതില്ല.
രാഷ്ട്രീയ നേതൃത്വം സമുദായത്തിൽനിന്നുണ്ടാകുന്നത് എന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്ക് സന്തോഷമാണ്, തൃപ്തിയാണ്. അവർവഴി നമുക്ക് നിരവധി അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്. സഗൗരവം ആശയങ്ങൾ നിരത്തി, സഭയിലൂടെയാണ് അവർ വളർന്നതെന്ന ബോധ്യത്തോടെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായാണ് അവർ ശ്രമിക്കേണ്ടത്.
പതിറ്റാണ്ടുകളായി തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കിയ ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്റിറ്റിക്ക് ചേരാത്തവിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്നുതന്നെയാണ് തന്റെ അഭിപ്രായം.എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്റിറ്റിയെല്ലാം നഷ്ടപ്പെടും. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. അതൊന്നും നടപ്പാകുന്ന കാര്യമല്ല. അത് നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്. നമ്മുടെ രാജ്യവും നമുക്കുള്ള തനിമയും നമ്മുടെ ഐഡന്റിറ്റി എന്താണെന്ന് പറയാനുള്ള അവസരം നൽകുന്നുണ്ട്.
മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്.ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്റെ കാര്യം പറഞ്ഞു എന്നൊക്കെയാണല്ലോ പറയുന്നത്. തനിക്കറിഞ്ഞുകൂടാ. രഹസ്യമായിട്ട് എന്തിനാണ് എന്നാണ് തന്റെ ചിന്ത. പരസ്യമായി വോട്ട് ചോദിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായി നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാണ് പേടിക്കുന്നത്? ആരെയാണ് പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്ന് കാണാനും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാനും കഴിയണം. നമുക്ക് ഈ രാജ്യത്ത് ജീവിക്കണം, വളരണം. ഈ രാജ്യത്തിനുവേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്.
രാഷ്ട്രനിർമിതിക്കുവേണ്ടിയാണ് സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമെല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും പൊതു ഇടങ്ങളിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസമുറികളുടെ മുമ്പിലുമെല്ലാം വന്നുനിന്ന് പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ മിണ്ടാതിരിക്കരുത്.
നമ്മൾ സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒരനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല. സത്യത്തെ മുക്കിക്കളയുന്നു, അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്ന് കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം.നമുക്കു നിലപാടുകൾ വേണം. അത് സത്യമായിരിക്കണം.
ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപപോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല. വെറുതെ ആക്ഷേപങ്ങൾ വിളിച്ചുകൂവുകയാണ്. അതുകൊണ്ട് നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.